Kerala
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശി ബുഷാര (52) ആണ് മരിച്ചത്.
ഭവാനിപ്പുഴയിൽ ഇറങ്ങിയവരെയാണ് ആന ആക്രമിച്ചത്. അപായ മുന്നിറിയിപ്പ് അവഗണിച്ചാണ് ഇവർ പുഴയിലിറങ്ങിയത്.
Kerala
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു സജ ഫാത്തിമ. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
മാതാവ്: ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ.
Kerala
കോട്ടയം: പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
District News
കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവര്‍മ (90) അന്തരിച്ചു. ഫാര്‍മക്കോളജി വിദഗ്ധനും മികച്ച എക്സ്പോര്‍ട്ടര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡ് ജേതാവുമാണ്. ഗാന്ധിജിയുടെ കോഴിക്കോട് സന്ദര്‍ശനവേളയില്‍ കൈയിലെ സ്വര്‍ണവള അദ്ദേഹത്തിന് ഊരിനല്‍കി സ്വാത ന്ത്ര്യസമരത്തിന്റെ ഭാഗമായ മുന്‍ അമ്പാടി കോവിലകം ശ്രീദേവിവര്‍മയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാലരാമവര്‍മയുടെയും മകനാണ്.
ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാര്‍ണ്യാട്ട് ഫാര്‍മസ്യൂട്ടി ക്കല്‍സ് സ്ഥാപകനാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷദ്വീപില്‍ മന്തുരോഗവ്യാപനം തടയാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഫൈലേറിയാസിസ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് മരുന്ന് കലര്‍ത്തിയ കറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരു ന്നു കേരളവര്‍മ.
സാമൂതിരി കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി അഹമ്മദാബാദിലെ എല്‍എം ഫാര്‍മസി കോളജില്‍ നിന്ന് ഫാര്‍മസി ബിരുദം നേടി. ശേഷം മുംബൈയില്‍ ജര്‍മന്‍ റെമഡീസിന്റെ ഫാക്ടറിയില്‍ ജോലിചെയ്തു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫാര്‍മസി വിഭാഗത്തില്‍ നോണ്‍ മെഡിക്കല്‍ ട്യൂട്ടറായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു.
കോഴിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സസ് അസോസിയേഷന് പ്രസിഡന്റ്, ചെറുകിട വ്യവസായ അസോസിയേഷന് എക്സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഓസ്ട്രേലിയ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലേക്ക് വ്യവസായ വികസനസാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നിശ്ചയിച്ച സമിതിയില്‍ അംഗമായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഔഷധി, വൈദ്യമഠം എന്നീ സ്ഥാപനങ്ങളുടെ ഫാര്‍മക്കോളജി ഉപദേശകന് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവണ്ണൂര്‍ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്. ഭാര്യ: തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീവര്മ. മക്കള്‍: സുനീതി രാജ (വിവര്‍ത്തക, ബുക്ക് എഡിറ്റര്‍, ഡല്‍ഹി), ഡോ. കെ. സുജിത്ത് വര്‍മ (പ്രിന്‍സിപ്പല്‍, നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി, കെഎംസിടി). മരുമക്കള്‍: കെ.സി. രവീന്ദ്രന്രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥന്), ആര്. ദിവ്യ (അധ്യാപിക, കൊയിലാണ്ടി ഗവ. എംവി ഹൈസ്കൂള്‍).
National
റാഞ്ചി: മുതിർന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ നഗരവികസനമന്ത്രിയുമായ സുദിവ്യ കുമാർ സോനു (56) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ശനിയാഴ്ച രാത്രി വൈകി റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുദിവ്യ കുമാർ പുലർച്ചെ നാലോടെയാണ് മരിച്ചത്. ഗിരിധിയിൽ നിന്നുള്ള എംഎൽഎയായ സുദിവ്യ കുമാർ, ടൂറിസം, ആർട്സ്, കൾച്ചർ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.
സുദിവ്യ കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ജെഎംഎം എക്സിൽ കുറിച്ചത് ഇങ്ങനെ: "ജെഎംഎമ്മിന്റെ സമർപ്പിത നേതാവും ജാർഖണ്ഡ് സർക്കാർ മന്ത്രിയുമായ സുദിവ്യ കുമാറിന്റെ അകാല വിയോഗത്തിൽ ജാർഖണ്ഡ് മുക്തി മോർച്ച കുടുംബം അതീവ ദുഃഖിതരും സ്തബ്ധരുമാണ്.'
പാർട്ടി അംഗങ്ങളെല്ലാം കടുത്ത ഞെട്ടലിലും ദുഃഖത്തിലുമാണെന്നും സർക്കാരിനും സംസ്ഥാനത്തിനും അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്നും പാർട്ടി വ്യക്തമാക്കി. പാർട്ടിക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ച പാർട്ടി കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിച്ചു.
സുദിവ്യ കുമാറിന്റെ നിര്യാണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. ഈ വേർപാട് തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസ്തനായ കൂട്ടുകാരനും വഴികാട്ടിയും പ്രസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധനായ പോരാളിയുമായിരുന്നു അദ്ദേഹമെന്നും, സംസ്ഥാനത്തിന്റെ ഐഡന്റിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
Kerala
ദുബായി: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് (44) അന്തരിച്ചു. പനിയെ തുടർന്ന് ദുബായി മൻഖൂൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
വയനാട് കമ്പളക്കാട് സ്വദേശിയായ നിസാർ സംഗീത പരിപാടിക്കായി കഴിഞ്ഞ മാസമാണ് ദുബായിലെത്തിയത്. പനിബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. അടുത്ത ദിവസങ്ങളിൽ സൗദിയിലും ദുബായിലുമായി വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം.
നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫസർ ഡിങ്കൻ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ഒരു കന്നഡ സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചിട്ടുണ്ട്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന.
NRI
റിയാദ്: കാസർഗോഡ് സ്വദേശിനിയായ മലയാളി നഴ്സ് റിയാദിൽ അന്തരിച്ചു. ബെരിക്കുളം പരപ്പ വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ് ചിപ്പി രതീഷ്.
ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
National
ഭുവനേശ്വർ: പ്രമുഖ ഒഡിയ പിന്നണിഗായകൻ പ്രണബ് പട്നായിക് (88) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ് ഒഡിയ സംഗീതരംഗത്ത് അതികായനായിരുന്നു പട്നായിക്.
ഇരുനൂറിലേറെ സിനിമകളിൽ ഗാനാലാപനം നടത്തിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയുമായും സഹകരിച്ചു പ്രവർത്തിച്ച ഇദ്ദേഹത്തിന് ജയദേവ് അവാർഡ്, ഗംഗാഥർ രഥ് അവാർഡ്, ബാലകൃഷ്ണ ദാസ് മെമ്മോറിയൽ സംസ്ഥാന സിനിമാ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിച്ചിട്ടുണ്ട്. 1938 ജനുവരി 20നാണ് പ്രണബ് പട്നായിക് ജനിച്ചത്. നിയമസഭ മുൻ സ്പീക്കർ ലാൽ മോഹൻ പട്നായിക്കിന്റെ മകനാണ്.
National
ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ(80) അന്തരിച്ചു. തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്ന് 1984 നവംബർ ഒന്ന്,രണ്ട് തീയതികളിൽ പാലം കോളനി പ്രദേശത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തിയത്. 2018 ഡിസംബർ 17 നാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ഈ കേസിൽ സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടയിൽ ഡൽഹിയിലെ ജനക്പുരി, വികാരി എന്നീ പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ വെറുതെ വിട്ടിരുന്നു.
Kerala
കൂരാച്ചുണ്ട്: എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്തു ദിവസമായി ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കൂരാച്ചുണ്ട് ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഈ മാസം ഒന്നിനാണ് പനി കൂടിയതിനെ തുടർന്ന് കൂരാച്ചുണ്ട് സിഎച്ച്സിയിൽ വീട്ടമ്മ ചികിത്സ തേടിയത്.
തുടർന്ന് മൂന്നിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഭർത്താവ്: ഷാജു. മകൾ: അലീന. മരുമകൻ: സുനിൽ തൂങ്കുഴി. സഹോദരങ്ങൾ: ജോർജ്, സാലി, ആന്റോ. സംസ്കാരം വ്യാഴാഴ്ച ഒൻപതിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് വട്ടറത്തലയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെമ്പായം സ്വദേശി സൗമ്യ (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സൗമ്യയ്ക്ക് പൊള്ളലേറ്റത്.
പൊള്ളലേറ്റതിന് പിന്നാലെ സൗമ്യയെ വീട്ടിലെ കിണറ്റിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജിയുടെ കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ഇരുവരും നെടുമങ്ങാട് വട്ടറത്തലയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നിരന്തരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
സൗമ്യയ്ക്ക് എങ്ങനെയാണ് പൊള്ളലേറ്റത് എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. പരിക്കേറ്റ് ചികിത്സയിലുള്ള സജിയെ ചോദ്യം ചെയ്താലേ വിശദമായ വിവരങ്ങൾ ലഭ്യമാകൂ.
Kerala
തൃശൂർ: കമ്യൂണിസ്റ്റ് തത്വചിന്തകനും ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടർ എം.പി. പരമേശ്വരൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധവിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമായിരുന്നു.
തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിംഗിൽ പിഎച്ച്ഡിയും നേടി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.
പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സിപിഎമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. അധികാര വികേന്ദ്രീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുന്ന സോഷ്യലിസ്റ്റ് സമൂഹത്തെ വിഭാവനം ചെയ്യുന്നതായിരുന്നു പരമേശ്വരന്റെ നാലാം ലോകം എന്ന ആശയം.
പരമ്പരാഗത മാർക്സിസ്റ്റ് ആശങ്ങളിൽനിന്ന് വ്യതിചലിക്കുന്ന ഈ സിദ്ധാന്തം മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തെയും മാർക്സിസ്റ്റ് സാമ്പത്തിക സിദ്ധാന്തങ്ങളെയും കോർത്തിണക്കുന്നതായിരുന്നു. ആഗോള കോർപറേറ്റ് വിപണിയെയും മുതലാളിത്ത വികസന രീതികൾക്കും ബദലായി മറ്റൊരു ലോകമെന്ന സങ്കൽപമായിരുന്നു ഇതിന്റെ സൈദ്ധാന്തിക ആടിത്തറ. തുടർന്ന് 2004ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
International
സിഡ്നി: മോട്ടോർ ന്യൂറോൺ രോഗത്തിനെതിരേയുള്ള ചാരിറ്റി ഫണ്ട് ശേഖരണത്തിനായി ഓസ്ട്രേലിയയ്ക്കു കുറുകെ 5,300 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലക്ഷ്യം പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസം 82കാരൻ അന്തരിച്ചു. ഓസ്ട്രേലിയൻ സ്വദേശിയായ ബോബ് മോണ്ട്ഗോമറിയാണ് ദൗത്യം പൂർത്തിയാക്കി സന്തോഷം പങ്കിട്ടതിനു പിന്നാലെ ലോകത്തോടു വിടപറഞ്ഞത്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ബ്രൂമിൽനിന്ന് തുടങ്ങി സിഡ്നിക്ക് തെക്കുപടിഞ്ഞാറുള്ള ബൗറൽ വരെ നീണ്ട ആറാഴ്ചത്തെ ക്ലേശകരമായ യാത്രയിൽ 18കാരനായ പേരക്കുട്ടി ടോം മാൽക്കമും ബോബിനൊപ്പമുണ്ടായിരുന്നു. ''വൺ ലാസ്റ്റ് റൈഡ്'' എന്ന് നാമകരണം ചെയ്ത ഈ യാത്രയിലൂടെ മോട്ടോർ ന്യൂറോൺ രോഗത്തിനെതിരേയുള്ള ചാരിറ്റി ഫണ്ടിലേക്ക് ഏകദേശം 105,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) ഇരുവരും ചേർന്ന് സമാഹരിച്ചു.
ഞായറാഴ്ച യാത്ര പൂർത്തിയാക്കി ബൗറലിൽ എത്തിയ ബോബിനെയും പേരക്കുട്ടിയെയും നാട്ടുകാർ വലിയ ആവേശത്തോടെയാണു വരവേറ്റത്. വഴിനീളെ കണ്ടുമുട്ടിയ മനുഷ്യരുടെ പിന്തുണയും സ്നേഹവുമാണ് തനിക്കു പ്രചോദനമായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം വിജയാഘോഷങ്ങളിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ശാന്തമായി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ബന്ധു മരിച്ചതിനെത്തുടർന്നാണ് ബോബ് ഈ ജീവകാരുണ്യ ദൗത്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. മുന്‍പ് നടത്തിയ അഞ്ച് ചാരിറ്റി റൈഡുകളിലൂടെ അദ്ദേഹം 300,000 ഓസ്ട്രേലിയൻ ഡോളറോളം ഫണ്ട് സമാഹരിച്ചിരുന്നു. ജീവകാരുണ്യരംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവച്ച ബോബിന്റെ അപ്രതീക്ഷിത വിയോഗത്തിൽ എംഎൻഡി സംഘടനയും ഓസ്ട്രേലിയയിലെ വിവിധ സംഘടനകളും അനുശോചിച്ചു.
എന്താണ് മോട്ടോർ ന്യൂറോൺ രോഗം
മസ്തിഷ്കത്തെയും സുഷുമ്നാനാഡിയെയും പേശികളുമായി ബന്ധിപ്പിക്കുന്ന നാഡീകോശങ്ങളെ ക്രമേണ നശിപ്പിക്കുന്ന ഒരു അപൂർവ രോഗാവസ്ഥയാണ് മോട്ടോർ ന്യൂറോൺ ഡിസീസ്. നമ്മുടെ ചലനങ്ങൾ (നടത്തം, കൈകൾ അനക്കൽ, സംസാരിക്കൽ, ഭക്ഷണം വിഴുങ്ങൽ, ശ്വാസമെടുക്കൽ എന്നിവ) നിയന്ത്രിക്കുന്നത് മോട്ടോർ ന്യൂറോണുകളാണ്. ഈ നാഡീകോശങ്ങൾ നശിക്കുന്നതോടെ തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ പേശികളിലേക്ക് എത്താതാകുകയും പേശികൾ തളർന്നുപോകുകയും ചെയ്യുന്നു.
ലോകമെമ്പാടുമായി ഏകദേശം 2,72,700 മോട്ടോർ ന്യൂറോൺ രോഗികളുണ്ടെന്നാണു റിപ്പോർട്ട്. ലോക ജനസംഖ്യയിൽ ഒരുലക്ഷം ആളുകളിൽ നാലു മുതൽ ആറുപേർക്കുവരെ ഈ രോഗാവസ്ഥ കാണപ്പെടുന്നു. ഓരോ വർഷവും ചുരുങ്ങിയത് 64,177 പേർക്കുവരെ പുതുതായി രോഗം കണ്ടെത്തുന്നുണ്ട്. 2040 ആകുമ്പോഴേക്കും ആഗോളതലത്തിൽ ഈ രോഗികളുടെ എണ്ണം 3.75 ലക്ഷത്തിനു മുകളിലേക്ക് ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Kerala
പടിഞ്ഞാറത്തറ: കൃഷിയിടത്തിലെ മീന്‍കുളത്തിന് സമീപം വീണനിലയില്‍ കണ്ടെത്തിയ കര്ഷകന് മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57)മരിച്ചത്. സംസ്കാരം പിന്നീട്.
ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരംകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില്‍ കണ്ടത്. ഉടന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗമാണ്. യുകെയിലുള്ള ആല്‍ബിനും മെല്‍ബിനുമാണ് മക്കള്‍. മരുമകള്‍: ഹണി ആല്ബിന്(യുകെ). സഹോദരങ്ങള്‍: ഡെയ്സി പാലക്കത്തടത്തില്‍, സിബി സെബാസ്റ്റ്യന്‍(ഏരിയ മാനേജര്‍, ദീപിക, കല്‍പ്പറ്റ), ഷിന കളത്തിപറമ്പില്‍.
National
ബംഗളൂരു: പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി(88) അന്തരിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ 1938 മെയ് 17-ന് ജനിച്ച ജമുനാ റാണി 1946-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രമായ ത്യാഗയ്യയിലൂടെ തന്റെ ഏഴാം വയസിലാണ് സംഗീതജീവിതം ആരംഭിക്കുന്നത്.
ഏകദേശം എട്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള എന്നീ ഭാഷകളിലായി 6,000-ത്തിലധികം ഗാനങ്ങൾ അവർ റിക്കാർഡ് ചെയ്തിട്ടുണ്ട്.
ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും നിരവധി തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. എം.എൻ. രാജം, സൗക്കാർ ജാനകി തുടങ്ങി അക്കാലത്തെ പ്രമുഖരായ നിരവധി നടിമാർക്ക് അവരുടെ ശബ്ദം ഏറ്റവും അനുയോജ്യമായിരുന്നു.
ദൈവപ്പിറവി എന്ന ചിത്രത്തിലെ കാലൈ വയസു കട്ടാന മനസു, സെന്തമിഴ് തെൻമൊഴിയാൾ, പാട്ടൊൺഡ്രു കേട്ടേൻ, പരവശം ആനേൻ തുടങ്ങിയ ഗാനങ്ങൾ ജമുനയുടെ ശബ്ദം കൊണ്ട് ഹിറ്റുകളായി മാറിയവയാണ്.
ജെ.പി. ചന്ദ്രബാബുവിനൊപ്പം അവർ പാടിയ കുംഗമപൂവേ കൊഞ്ചും പുരാവേ എന്ന യുഗ്മഗാനം പുതിയ തലമുറയിലെ ആസ്വാദകരെയും ഇന്നും ആകർഷിക്കുന്നുണ്ട്. പി.ബി. ശ്രീനിവാസിനൊപ്പം അവർ പാടിയ ആഥിമനിതൻ കാതലുക്കുപിൻ എന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ജിമ്മി, പി. ലീല, എം.എൽ. വവാസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമള തുടങ്ങിയ പ്രമുഖ ഗായികമാർ വാണിരുന്ന സിനിമാ ലോകത്തേക്ക് കടന്നുവന്ന ജമുനാ റാണിക്ക് തന്റെ ഇടം കണ്ടെത്താൻ അധികകാലം വേണ്ടിവന്നില്ല. ലളിത, പത്മിനി എന്നിവർക്ക് വേണ്ടിയുള്ള ഗാനങ്ങളിൽ സ്ഥിര സാന്നിധ്യമായി അവർ മാറി. കൂടാതെ ടി.എം. സൗന്ദരരാജൻ, ജെ.പി. ചന്ദ്രബാബു തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി യുഗ്മഗാനങ്ങളും പാടി.
കമലഹാസൻ നായകനായ നായകൻ എന്ന ചിത്രത്തിലെ നർത്തകിക്ക് വേണ്ടി നാൻ ചിരിതാൽ ദീപാവലി എന്ന ഗാനം കമ്പോസ് ചെയ്തപ്പോൾ സംഗീതസംവിധായകൻ ഇളയരാജ പ്രത്യേകമായി തെരഞ്ഞെടുത്തത് ജമുനാ റാണിയെയും എം.എസ്. രാജേശ്വരിയെയുമായിരുന്നു.
ഇന്ത്യൻ സിനിമയുടെ സുവർണകാലത്ത് ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന ഗായികമാരിൽ ഒരാളായി ജമുനാ റാണിയെ വളർത്തിയത് അവരുടെ ഗാംഭീര്യമുള്ളതും വികാരം തുളുമ്പുന്നതുമായ ശബ്ദമായിരുന്നു.
Movies
പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി(88) അന്തരിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ 1938 മെയ് 17-ന് ജനിച്ച ജമുനാ റാണി 1946-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രമായ ത്യാഗയ്യയിലൂടെ തന്റെ ഏഴാം വയസിലാണ് സംഗീതജീവിതം ആരംഭിക്കുന്നത്.
ഏകദേശം എട്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള എന്നീ ഭാഷകളിലായി 6,000-ത്തിലധികം ഗാനങ്ങൾ അവർ റിക്കാർഡ് ചെയ്തിട്ടുണ്ട്.
ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും നിരവധി തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. എം.എൻ. രാജം, സൗക്കാർ ജാനകി തുടങ്ങി അക്കാലത്തെ പ്രമുഖരായ നിരവധി നടിമാർക്ക് അവരുടെ ശബ്ദം ഏറ്റവും അനുയോജ്യമായിരുന്നു.
ദൈവപ്പിറവി എന്ന ചിത്രത്തിലെ കാലൈ വയസു കട്ടാന മനസു, സെന്തമിഴ് തെൻമൊഴിയാൾ, പാട്ടൊൺഡ്രു കേട്ടേൻ, പരവശം ആനേൻ തുടങ്ങിയ ഗാനങ്ങൾ ജമുനയുടെ ശബ്ദം കൊണ്ട് ഹിറ്റുകളായി മാറിയവയാണ്.
ജെ.പി. ചന്ദ്രബാബുവിനൊപ്പം അവർ പാടിയ കുംഗമപൂവേ കൊഞ്ചും പുരാവേ എന്ന യുഗ്മഗാനം പുതിയ തലമുറയിലെ ആസ്വാദകരെയും ഇന്നും ആകർഷിക്കുന്നുണ്ട്. പി.ബി. ശ്രീനിവാസിനൊപ്പം അവർ പാടിയ ആഥിമനിതൻ കാതലുക്കുപിൻ എന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ജിമ്മി, പി. ലീല, എം.എൽ. വവാസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമള തുടങ്ങിയ പ്രമുഖ ഗായികമാർ വാണിരുന്ന സിനിമാ ലോകത്തേക്ക് കടന്നുവന്ന ജമുനാ റാണിക്ക് തന്റെ ഇടം കണ്ടെത്താൻ അധികകാലം വേണ്ടിവന്നില്ല. ലളിത, പത്മിനി എന്നിവർക്ക് വേണ്ടിയുള്ള ഗാനങ്ങളിൽ സ്ഥിര സാന്നിധ്യമായി അവർ മാറി. കൂടാതെ ടി.എം. സൗന്ദരരാജൻ, ജെ.പി. ചന്ദ്രബാബു തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി യുഗ്മഗാനങ്ങളും പാടി.
കമലഹാസൻ നായകനായ നായകൻ എന്ന ചിത്രത്തിലെ നർത്തകിക്ക് വേണ്ടി നാൻ ചിരിതാൽ ദീപാവലി എന്ന ഗാനം കമ്പോസ് ചെയ്തപ്പോൾ സംഗീതസംവിധായകൻ ഇളയരാജ പ്രത്യേകമായി തെരഞ്ഞെടുത്തത് ജമുനാ റാണിയെയും എം.എസ്. രാജേശ്വരിയെയുമായിരുന്നു.
ഇന്ത്യൻ സിനിമയുടെ സുവർണകാലത്ത് ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന ഗായികമാരിൽ ഒരാളായി ജമുനാ റാണിയെ വളർത്തിയത് അവരുടെ ഗാംഭീര്യമുള്ളതും വികാരം തുളുമ്പുന്നതുമായ ശബ്ദമായിരുന്നു.
Sports
റോം: ഇറ്റാലിയൻ ഇതിഹാസ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ വച്ചായിരുന്നു രോഗബാധിതനായി ചികിത്സയിലായിരുന്ന ബറേസിയുടെ അന്ത്യം.
ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം പന്തുകളിച്ച 'വൺ ക്ലബ്ബ് മാൻ' വിശേഷണത്തിന് അർഹനായ താരമാണ് ബറേസി. 1977 മുതൽ 1997 വരെയുള്ള ദീർഘമായ 20 വർഷക്കാലം എസി മിലാന് വേണ്ടി മാത്രമാണ് ബറേസി കളത്തിലിറങ്ങിയത്.
കളിക്കളത്തിലെ അസാധാരണമായ ശാന്തതയും, കൃത്യതയാർന്ന ടാക്കിളുകളും, ലിബറോ പൊസിഷനിലെ തനതായ ശൈലിയും കൊണ്ട് പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ബറേസി. അര്‍ജന്റീനിയൻ ഫുട്ബോൾ ഇതിഹാസമായ ഡിയഗോ മറഡോണ പോലും താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു.
1982-ൽ സ്പെയിനിൽ നടന്ന ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994-ലെ യുഎസ്എ ലോകകപ്പിൽ ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചത് ക്യാപ്റ്റനായ ബറേസിയായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിരോധക്കോട്ട കാത്തു.
Kerala
കാസർഗോഡ്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ ദീപ (23) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആണ് മരണപ്പെട്ടത്. അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടിൽ വച്ചാണ് ദീപ വിഷം കഴിച്ചത്.
District News
ഹരിപ്പാട് : പ്രവാസി മലയാളി വിദ്യാർഥികൾക്കു ഗൾഫ് മണ്ണിൽ കേരള സിലബസിൽ എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു തുടങ്ങിയ ആദ്യകാലഘട്ടത്തിൽ, അതിന്റെ നിർണായക ചുമതലക്കാരനായി പ്രവർത്തിച്ച റിട്ട. ഡിഇഒ ഹരിപ്പാട് മുട്ടം പള്ളിയാമ്പിൽ പി.എം. രാജന്റെ (89) വേർപാട് പ്രവാസ മണ്ണിലെ പരീക്ഷാ ചരിത്രത്തിലെ പ്രധാന ഒരേട് കൂടിയാണ് ഓർമിപ്പിക്കുന്നത്.
സർവീസിൽ നിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് പരീക്ഷാഭവനിൽ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണു യുഎഇയിലെ പരീക്ഷാ നടത്തിപ്പിന്റെ നിർണായക ചുമതല രാജനു ലഭിക്കുന്നത്. ദുബായ്, ഉമ്മുൽ ഖുവൈൻ കേന്ദ്രങ്ങളിൽ പരീക്ഷകൾ തടസമില്ലാതെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം ഗൾഫിൽ തങ്ങി പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചു.
അക്കാലത്ത് അതീവ സുരക്ഷയോടും രഹസ്യസ്വഭാവത്തോടും കൂടിയാണ് എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്നതും മദ്രാസിലെ പ്രസുകളിൽ അച്ചടിച്ചിരുന്നതും. ഏറെ വെല്ലുവിളികൾ നിറഞ്ഞ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അച്ഛൻ വിരമിച്ചതെന്നും, കൃത്യതയും അതീവ രഹസ്യസ്വഭാവവും നിർബന്ധമുള്ള ഔദ്യോഗിക ജീവിതമായിരുന്നു അച്ഛന്റേതെന്നും മകളും തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിയുമായ റ്റി.ആർ. രാജശ്രീ ഓർക്കുന്നു.
വയനാട്, മല്ലപ്പള്ളി, ഹരിപ്പാട് ബോയ്സ് സ്കൂളുകൾ തുടങ്ങി വിവിധ ഭാഗങ്ങളിൽ അധ്യാപകനായും മാവേലിക്കര ഡിഇഒ ആയും സേവനമനുഷ്ഠിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്തിന് എപ്പോഴും വഴികാട്ടിയായിരുന്നു. സർവീസിൽ നിന്നു വിരമിച്ച ശേഷവും സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന രാജൻ, സർവീസ് പെൻഷനേഴ്സ് ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
റിട്ട.അധ്യാപിക പരേതയായ എം.കെ. രാധാമണിയാണു ഭാര്യ. റ്റി.ആർ. രാജേഷ് (യുഎസ്എ), ഡോ. റ്റി.ആർ.രാജീവ്, റ്റി.ആർ. രാജശ്രീ (കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറി) എന്നിവരാണു മക്കൾ. സോബി രാജേഷ് (യുഎസ്എ), ഡോ. സദാശിവൻ (കാരിത്താസ് ആശുപത്രി, കോട്ടയം) എന്നിവർ മരുമക്കളാണ്.
Kerala
തൃശൂർ: സാഹിത്യ, സാംസ്കാരിക പ്രവർത്തകനും കേരളവർമ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. ഷൊർണൂർ കാർത്തികേയൻ (84) അന്തരിച്ചു. സാഹിത്യ അക്കാദമി മുൻ എക്സിക്യുട്ടീവ് അംഗവും തൊണ്ണൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. മൃതദേഹം ഇന്നു രാവിലെ ഏഴുമുതല്‍ 11.30വരെ കേരളവര്‍മ കോളജിനു മുന്നിലുള്ള വസതിയിലും ഉച്ചയ്ക്ക് 1.30 വരെ ഷൊര്‍ണൂര്‍ കാര്‍ത്തിക് ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. 3.30ന് ഭാരതപ്പുഴയുടെ തീരത്ത് സംസ്കാരം.
1942ൽ പരുത്തിപ്രയിലെ പുഷ്പഗിരിയിലാണ് ജനനം. 1966ൽ താംബരം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കേരളവർമയിൽ ലക്ചററും 1992ൽ പ്രിൻസിപ്പലുമായി. 92ൽത്തന്നെ വിവേകാനന്ദ കോളജ് പ്രിൻസിപ്പലായി. 1994ൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ മലയാളം പ്രഫസറായി കാലടി, തിരൂർ സെന്ററുകളിൽ പ്രവർത്തിച്ചു. തൃശൂർ, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടറായിരിക്കേയാണ് വിരമിച്ചത്.
നിരവധി സ്ഥാപനങ്ങളുടെ ചെയർമാനായിരുന്നു. ഒട്ടേറെ മാസികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു.സുദർശനം, ഉഷഃപൂജ, അനാവരണം അനുശീലനം, ചിറകു വിരിച്ച ചിന്തകൾ,പരുത്തിപ്ര പരിപ്രേഷ്യം (ആത്മകഥ) തുടങ്ങി തൊണ്ണൂറോളം കൃതികൾ രചിച്ചു. നാല്പതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഡോ.വി. രാജമ്മ (മദർ ഹോസ്പിറ്റൽ), മകൻ: ഡോ. ആശിഷ് കാർത്തിക് (ഗവ. മെഡിക്കൽ കോളജ്, തൃശൂർ). മരുമകൾ: ഡോ. ദിവ്യ ആശിഷ് (ഗവ. മെഡിക്കൽ കോളജ്, തൃശൂർ).
NRI
ഹൂസ്റ്റൺ: പ്രശസ്ത സുവിശേഷപ്രസംഗകനും സമർപ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യൻ (തമ്പി 85) ഹൂസ്റ്റണിൽ അന്തരിച്ചു.
ത്യാഗപൂർണമായ ജീവിതവും ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പതിറ്റാണ്ടുകളായി നിർവഹിച്ച വിശ്വസ്ത ശുശ്രൂഷയും കൊണ്ട് അദ്ദേഹം അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു.
വേൾഡ് ഔട്ട്റീച്ച് മിനിസ്ട്രിസിന്റെ സ്ഥാപകൻ കൂടിയാണ് പരേതൻ. കേരളത്തിൽ പുനലൂർ ആസ്ഥാനമായി ബൈബിൾ സ്കൂൾ, ഓർഫെനജ്, സഭാ പ്രവർത്തങ്ങൾ ഒക്കെ നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യവും ശുശ്രൂഷയുടെ പാരമ്പര്യവും വരും തലമുറകൾക്കും പ്രചോദനമായി നിലനിൽക്കുമെന്ന് സഹപ്രവർത്തകരും വിശ്വാസികളും അനുസ്മരിക്കുന്നു.
ഭാര്യ: ലീലമ്മ കുര്യൻ. മക്കൾ ആൻ & പ്രെസ്റ്റ്ലി തോമസ്, എലിസബത്ത് & ജോജോ ജേക്കബ്, ജോർജ് & റിനി കുര്യൻ, റേച്ചൽ കുര്യൻ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ Elim Church, 3200 S. Richey St.Houston, TX 77017.
അതേ സഭാ മന്ദിരത്തിൽ വച്ച് സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മുതൽ.
സംസ്കാരം രണ്ടിന് South Park Funeral Home,1310 N.Main St.Pearland, TX 77581ൽ വച്ച് നടക്കും.
Movies
നടൻ ചാന്നാനിക്കാട് അജിതാലയം വീട്ടിൽ സി. രാജശേഖരൻനായർ (74) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം.
ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളസിനിമയിൽ കൂടുതൽ എസ്ഐ വേഷങ്ങൾ ചെയ്ത നടനായതുകൊണ്ട് എസ്.ഐ. രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
സന്ദർഭത്തിലെ പോലീസ് ഇൻസ്പെക്ടർ, രാജാവിന്റെ മകനിലെ സംസ്ഥാന ആഭ്യന്തരമന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായി സാബു, വഴിയോരക്കാഴ്ചകളിലെ ഡോക്ടർ, മുദ്രയിലെ ജുവനൈൽ ഹോമിലെ പോലീസ് വേഷം, നായർ സാബിലെ ജെയിംസിന്റെ സഹായി ഉലഹന്നാൻ, സേതുരാമയ്യർ സി.ബി.ഐ.യിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, താപ്പാനയിലെ പോലീസ് ഇൻസ്പെക്ടർ, നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2015-ൽ റിലീസ് ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്രയിലാണ് അവസാനം അഭിനയിച്ചത്.
കോട്ടയം ചിങ്ങവനത്തായിരുന്നു താമസം. ഭാര്യ: അജിതകുമാരി. മക്കൾ: അനുഷാ ദീപു (ദുബായ്), അർച്ചനാ രാജശേഖരൻനായർ (അബുദാബി). മരുമകൻ: എസ്. ദീപു (ദുബായി).
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ചങ്ങനാശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരൻനായരുടെയും പദ്മാവതിയമ്മയുടെയും മകനാണ്.
District News
ചിങ്ങവനം: ചലച്ചിത്ര-സീരിയൽ താരം ചാന്നാനിക്കാട് അജിതാലയം വീട്ടിൽ സി. രാജശേഖരൻ നായർ ( 74) അന്തരിച്ചു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു. മലയാള സിനിമയിൽ കൂടുതൽ എസ്ഐ വേഷങ്ങൾ ചെയ്ത നടൻ ആയതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
സന്ദർഭത്തിലെ പോലീസ് ഇൻസ്പെക്ടർ, രാജാവിന്റെ മകനിലെ സംസ്ഥാന ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായി സാബു, വഴിയോരക്കാഴ്ചകളിലെ ഡോക്ടർ, മുദ്രയിലെ ജുവനൈൽ ഹോമിലെ പോലീസ് വേഷം, നായർ സാബിലെ ജയിംസിന്റെ സഹായി ഉലഹന്നാൻ, സേതുരാമയ്യർ സിബിഐയിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, താപ്പാനയിലെ പോലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങളാണ് പ്രധാനപ്പെട്ടത്. നമ്പർ 20 മദ്രാസ് മെയിൽ, പാറശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2015 ൽ റിലീസ് ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്രയിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. കോട്ടയം ചിങ്ങവനത്തായിരുന്നു താമസം.ഭാര്യ അജിത കുമാരി. മക്കൾ: അനുഷ ദീപു (ദുബൈ), അർച്ചന രാജശേഖരൻ നായർ ( അബുദാബി). മരുമകൻ: എസ്. ദീപു (ദുബൈ). സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ചങ്ങനാശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരൻ നായരുടെയും പത്മാവതിയമ്മയുടെയും മകനാണ്.
NRI
തിരുവല്ല/ന്യൂജേഴ്സി: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക ഇലഞ്ഞിമൂട്ടിൽ പുല്ലാട്ട് ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ-82) തിരുവല്ലയിൽ അന്തരിച്ചു.
പി ടി ചാക്കോയുടെ (മലേഷ്യ)(ന്യൂ മിൽഫോർഡ്, ന്യൂജേഴ്സി) സഹോദരിയാണ്.
പരേതയുടെ ഒരു മകൻ അമേരിക്കയിലും മറ്റൊരാൾ തിരുവല്ലയിലുമാണ് താമസം.
ന്യൂജേഴ്സി വാഷിംഗ്ടൺ ടൗൺഷിപ്പ് സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച് ഇടവകാംഗമായ പി. ടി. ചാക്കോയുടെ സഹോദരിയുടെ വിയോഗത്തിൽ ഇടവകയ്ക്കും വികാരിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇടവക സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു. ഏലിയാമ്മ എബ്രഹാമിന്റെ നിര്യാണത്തോടെ കുടുംബത്തിലെ എട്ടു മക്കളിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായി, ന്യൂജേഴ്സയിൽ താമസിക്കുന്ന പി ടി ചാക്കോ(മലേഷ്യ).
Kerala
സുള്ള്യ: കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 127 തൂക്കുപാലങ്ങൾ നിർമിച്ച എൻജിനിയറിംഗ് വിദഗ്ധൻ പദ്മശ്രീ ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. സുള്ള്യയിലെ കെവിജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കർണാടക, കേരളം, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലായി നൂറിൽപ്പരം തൂക്കുപാലങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിൽ 30 എണ്ണം കേരളത്തിലാണ്. തൂക്കുപാലങ്ങളുടെ നിർമാണം വഴി ഗ്രാമീണജനതയ്ക്ക് എളുപ്പത്തിലുള്ള സഞ്ചാരമാർഗങ്ങൾ തുറന്നുനൽകിയതിലൂടെ ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ എന്ന വിശേഷണം ലഭിച്ചു. 2017 ലാണ് പദ്മശ്രീ ബഹുമതി ലഭിച്ചത്.
1950ൽ ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യയിൽ ജനിച്ച ഗിരീഷ് 1973 ൽ മാണ്ഡ്യ എൻജിനിയറിംഗ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടി.
1989ൽ ദക്ഷിണകന്നഡ ജില്ലയിലെ അരമ്പൂരിൽ പയസ്വിനിപ്പുഴയ്ക്കു കുറുകെയാണ് ആദ്യമായി തൂക്കുപാലം നിർമിച്ചത്. ഇതേ പുഴയ്ക്കു കുറുകെ 1994 ൽ കാസർഗോഡ് ജില്ലയിലെ പാണത്തൂരിലും തൂക്കുപാലം നിർമിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മലയോര മേഖലകളിൽ ഇന്നു കാണുന്ന തൂക്കുപാലങ്ങളിൽ ബഹുഭൂരിപക്ഷത്തിനും പിന്നിൽ ഗിരീഷ് ഭരദ്വാജിന്റെ എൻജിനിയറിംഗ് മികവുണ്ട്.
മെക്കാനിക്കൽ എൻജിനിയറെന്ന നിലയിൽ വിദേശരാജ്യങ്ങളിൽനിന്നുപോലും കിട്ടിയ ജോലിസാധ്യതകൾ വേണ്ടെന്നു വച്ചാണ് ഗിരീഷ് ഗ്രാമീണമേഖലയിൽ തൂക്കുപാലങ്ങളുടെ നിർമാണത്തിനായി മുന്നിട്ടിറങ്ങിയത്.
ഗിരീഷിന്റെ ജീവിതത്തെ ആധാരമാക്കി സേതുബന്ധു എന്ന പേരിൽ കന്നഡയിലും ഹിന്ദിയിലുമായി ഒരുക്കുന്ന സിനിമയുടെ നിർമാണ ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ: ഉഷ. മൂന്നു മക്കളുണ്ട്.
മകൻ പതഞ്ജലി ഭരദ്വാജ് തൂക്കുപാലങ്ങളുടെ നിർമാണത്തിൽ പിതാവിന്റെ സഹായിയായിരുന്നു.
National
റായ്പുർ: ഛത്തീസ്ഗഡിലെ പരമ്പാരാഗത നാടോടി കഥാപ്രസംഗരൂപമായ പാണ്ഡവാനിയിലൂടെ ലോകശ്രദ്ധയാകർഷിച്ച തീജൻ ഭായി (70) അന്തരിച്ചു. ഞായറാഴ്ച പുലർച്ച റായ്പൂരിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
അതുല്യമായ ആലാപന ശൈലിയും ആകര്‍ഷകമായ പ്രകടനങ്ങളുംവഴി പാണ്ഡവാനിയെ രാജ്യാന്തരവേദികളെത്തിച്ച അവരെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതിലും നേടിയിട്ടുണ്ട്.
ദുർഗ് ജില്ലയിലെ ഗാനിയാരിയിൽ ഗോത്രവർഗ കുടുംബത്തിൽ 1956 ലാണ് ജനനം. സ്ത്രീകൾക്കു വേദിയിലെത്താൻ അനുവാദമില്ലാതിരുന്ന കാലത്ത് ഏറെ വെല്ലുവിളികൾ ഏറ്റെടുത്താണ് ടീജൻഭായി കലാരംഗത്ത് തുടർന്നത്.
Kerala
കാസര്‍കോട്: അടിയന്തരാവസ്ഥ കാലത്തെ വിവാദമായ രാജന് കേസിലെ ഏക സാക്ഷി അന്തരിച്ചു. കോഴിക്കോട് എന്‍ജിനിയറിംഗ് കോളജ് മുന്‍ അധ്യാപകന് കാസര്‍ഗോഡ് ചൗക്കി കെ.കെ പുറം ചെമ്പകം വീട്ടില്‍ പ്രഫ. കെ.കെ. അബ്ദുള്‍ ഗഫാറാണ് (89) അന്തരിച്ചു. കൊല്ലം ടി.കെ.എം കോളേജ്, കോഴിക്കോട് ആര്.ഇ.സി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പാലായും പ്രവര്‍ത്തിച്ചിരുന്നു.
യമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. അജ്മാന് ഗള്‍ഫ് മെഡിക്കല്‍ കോളജിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷന് ഡയറക്ടറുമായിരുന്നു. സൗദി അറോബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉമ്മുല്‍ ബര്‍ക്കത്ത് ജമീല. മക്കള്‍: ഫരീദ ഗഫാര്‍, ജമാലുന്നിസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഷാജിര്‍ ഗഫാര്‍. മരുമക്കള്‍: യാക്കൂബ്, അനീസ്, നിഷാദ്, മൗഷ്മി. സഹോദരങ്ങള്‍: കെ.കെ. അബ്ദുള്‍ ജലീല്‍, പരേതരായ കെ.കെ. മാഹിന്‍, സക്കീന, കെ.കെ. ഇബ്രാഹിം, കെ.കെ. ഷംസുദ്ദീന്.
National
മുംബൈ: പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു. പൂനെയിൽ താമസിക്കുന്ന ദേവിചന്ദ് അഗർവാൾ (71) ആണ് ശനിയാഴ്ച രാത്രി അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
കേതന്റെ മരണത്തിന് ശേഷം ആരോഗ്യം വഷളായതിനെ തുടർന്ന് ദേവിചന്ദ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9.45-ഓടെ ഡോക്ടർമാർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. കേതൻ അഗർവാൾ മരിച്ച് പതിനേഴാം ദിവസമാണ് മുത്തച്ഛനും ലോകത്തോട് വിടപറയുന്നത്.
Kerala
താനൂർ: താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പുരം മൂലക്കൽ സ്വദേശി വലിയകത്ത് പുതിയ ഒറ്റയിൽ അസ്കർ (58) അന്തരിച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12.10 ന് മരിച്ചു. പഞ്ചായത്ത് പ്രസിഡന്റായി ആറ് മാസം കഴിയുന്ന വേളയിലാണ് വിയോഗം.
താനൂർ മൂലക്കൽ നൂർ മസ്ജിദിന്റെയും മദ്രസയുടെയും ജനറൽ സെക്രട്ടറിയായും നടക്കാവ് മഹല്ല് മുഹിയുദീൻ മസ്ജിദ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പകരനിരപ്പിൽ ശിഹാബ് തങ്ങൾ ഇന്റർനാഷണൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൂടിയായ വി.പി.ഒ. അസ്കർ ഏറെക്കാലം താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10 മുതൽ 11 വരെ മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11.30ന് നടക്കാവ് മുഹിയുദീൻ ജുമാമസ്ജിദിൽ കബറടക്കും. പരേതരായ തൊമ്മിൽ പുതിയകത്ത് അബൂബക്കറിന്റെയും കുഞ്ഞീവിയുടെയും മകനാണ്.
ഭാര്യ: ബുഷ്റ (അധ്യാപിക, എസ്എംയുപി സ്കൂൾ,താനൂർ). മക്കൾ: റഷ, ഷാന നൗറിൻ, നിദ മർയം. മരുമക്കൾ: മാജിദ് റഹ്മാൻ (ഉള്ളണം), സഫ്വാൻ (പുറത്തൂർ മരവന്ത). സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ, റഫീഖ്, സൽമാബീവി, സാബിറ, സഫൂറ.
Kerala
ആലപ്പുഴ: പ്രമുഖ കവിയും നിരൂപകനുമായ പദ്മശ്രീ പി. നാരായണക്കുറുപ്പിന്റെ വിയോഗം അദ്ദേഹത്തിന്റെ ജന്മനാടായ ഹരിപ്പാടിന് കണ്ണീരോർമ്മയായി. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഔദ്യോഗിക ആവശ്യങ്ങൾക്കായും അല്ലാതെയും ഡൽഹിയിലും തിരുവനന്തപുരത്തുമായിരുന്നെങ്കിലും, തന്റെ കാവ്യസംസ്കാരത്തിന്റെ വേരുകൾ ഹരിപ്പാടിന്റെ മണ്ണിലായിരുന്നുവെന്ന് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ ഓർത്തിരുന്നു.
1934-ൽ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ആലപ്പുഴ എസ്ഡി കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. സംസ്കൃത പാരമ്പര്യത്തിന്റെ സമൃദ്ധിയും മലയാളത്തിന്റെ നാടൻവീര്യവും ഒരുപോലെ ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷമായ കാവ്യശൈലി.
ഇത് രൂപപ്പെടുന്നതിൽ ജന്മനാടിന്റെ സാംസ്കാരിക പശ്ചാത്തലം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതീയ സാംസ്കാരിക മൂല്യങ്ങളോടും സനാതന ധർമബോധത്തോടുമുള്ള പ്രതിബദ്ധതയും ദേശീയ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയായിരുന്നു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിലും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായും ഒക്കെ തിളങ്ങുമ്പോഴും ഹരിപ്പാടുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
കവിതയ്ക്കും നിരൂപണത്തിനുമായി കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2022-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചപ്പോൾ അത് ഹരിപ്പാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയായി മാറി.
അവസാനകാലത്ത് തിരുവനന്തപുരം പേരൂർക്കടയിലായിരുന്നു താമസമെങ്കിലും, ഹരിപ്പാടിന്റെ സാംസ്കാരിക ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന നാമമായിരിക്കും പി. നാരായണക്കുറുപ്പിന്റേത്.
Kerala
തൃശൂർ: ജീസസ് യൂത്ത് പ്രസ്ഥാനത്തെ പ്രാരംഭകാലങ്ങളിൽ ആത്മീയ ദിശാബോധം നൽകി വളർത്തിയെടുത്ത വളർത്തച്ഛനായിരുന്നു "പള്ളിയച്ചൻ" എന്ന് എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്ന ഫാ. അബ്രഹാം പള്ളിവാതുക്കൽ എസ്.ജെ.
സൗമ്യമായ പെരുമാറ്റവും മൃദുഭാഷണവും കൊണ്ട് ഏവരെയും ആകർഷിച്ചിരുന്ന അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിനും ജീസസ് യൂത്ത് പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ ( കെഎസ് ടി) ചെയർമാൻ, ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
അപ്പോഴും യുവജനങ്ങളെ ശാക്തീകരിക്കാനും നേതൃത്വം രൂപപ്പെടുത്താനും ബദ്ധ ശ്രദ്ധ പുലർത്തി.
വേദികളിൽ പ്രസംഗിക്കുന്ന ആത്മീയഗുരു മാത്രമായിരുന്നില്ല അദ്ദേഹം; യുവാക്കളുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നടന്ന ഒരു സ്നേഹസാന്നിധ്യമായിരുന്നു.
യുവാക്കളെ ചേർത്തുപിടിച്ച് അവരുടെ ആശങ്കകൾ കേൾക്കുകയും തളർന്ന മനസുകൾക്ക് പ്രത്യാശ പകരുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. ആർക്കെങ്കിലും തെറ്റുപറ്റുകയോ ഉത്തരവാദിത്വങ്ങളിൽ വീഴ്ചവരുത്തുകയോ ചെയ്താൽ ശാസനയേക്കാൾ സ്നേഹമാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്.
ഷോൾഡറിനു താഴെയായി ഒരു ചെറിയ പിച്ചിലൂടെ (നുള്ളിലൂടെ) തന്റെ സ്നേഹത്തോടെയുള്ള ഓർമപ്പെടുത്തൽ അദ്ദേഹം നൽകുമായിരുന്നു. ആ പിച്ചിൽ കോപത്തേക്കാൾ കരുതലും ശിക്ഷയേക്കാൾ സ്നേഹവുമായിരുന്നു നിറഞ്ഞിരുന്നത്.
തന്നെകാണാൻ വരുന്നവരെ ( പ്രത്യേകിച്ച് യുവജനങ്ങളെ ) ഭക്ഷണം കഴിക്കാതെ വിടാൻ പള്ളിയച്ചൻ തയാറല്ലായിരുന്നു. "കഴിച്ചിട്ടുപോ..." എന്ന സ്നേഹനിർബന്ധം അദ്ദേഹത്തെ കളമശേരി എമ്മാവൂസിൽചെന്ന് കണ്ടിട്ടുള്ള ഏവരുടെയും മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ടാകും.
ആത്മീയകാര്യങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ ചെറിയ കാര്യങ്ങളിലുപോലും കരുതുന്ന ഒരു പിതൃസ്നേഹമായിരുന്നു അദ്ദേഹത്തിന്റേത്.
അനേകം യുവാക്കൾക്കു വിശ്വാസത്തിന്റെ വഴിയും സേവനത്തിന്റെ അർഥവും കാരുണ്യത്തിന്റെ മാതൃകയും പഠിപ്പിച്ച പള്ളിയച്ചൻ ഒരു പുരോഹിതൻ മാത്രമായിരുന്നില്ല; അനേകായിരം ജീവിതങ്ങളെ സ്പർശിച്ച ഗുരുവും ആശ്വാസം പകർന്ന ഒരു സുഹൃത്തും ആയിരുന്നു.
കാൻസർ ബാധിതനായി വിശ്രമജീവിതം നയിക്കുമ്പോൾ കുടുംബ സമേതവും അല്ലാതെയും എത്തുന്ന അരുമ ശിഷ്യർക്കു പ്രാർഥനാ സഹായം വാഗ്ദാനം ചെയ്യുകയും സ്നേഹ മുത്തം നൽകി യാത്രയാക്കുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തിന്റെ മൃദുസ്മിതവും സ്നേഹത്തിന്റെ പിച്ചും കരുതലിന്റെ വാക്കുകളും അനുഭവിച്ച ആയിരക്കണക്കിനു ജീസസ് യൂത്ത് പ്രവർത്തകർ ലോകമെമ്പാടും ഇന്നുണ്ട്. അവരുടെയെല്ലാം ഹൃദയത്തിലും മനസിലും
കാലം മായ്ക്കാത്ത ഓർമകളായി ആ സ്നേഹസ്പർശങ്ങൾ നിലനിൽക്കും. അതുകൊണ്ടുതന്നെ പള്ളിയച്ചന്റെ ജീവിതം സേവനത്തിന്റെയും വിനയത്തിന്റെയും നിസ്വാർഥ സ്നേഹത്തിന്റെയും പ്രകാശിക്കുന്ന സാക്ഷ്യമായി തുടരും; തീർച്ച.
NRI
ന്യൂയോർക്ക്: മന്ത്രയുടെ മുൻ പ്രസിഡന്റ് ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമൻ (85) അന്തരിച്ചു.
ഹരിയുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു. മന്ത്രയ്ക്ക് വേണ്ടി മുൻ ട്രസ്റ്റീ ചെയർ ശശിധരൻ നായർ, പിആർഒ രഞ്ജിത് ചന്ദ്രശേഖർ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
Kerala
പറവൂർ: വൈദിക താന്ത്രിക ആചാര്യനും ജ്യോതിഷ പണ്ഡിതനുമായിരുന്ന പറവൂർ വടക്കേക്കര മടപ്ലാതുരുത്ത് കാട്ടിപ്പറമ്പിൽ കെ.കെ. അനിരുദ്ധൻ തന്ത്രികൾ (71) അന്തരിച്ചു.
ന്യുമോണിയ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലർച്ചെ 6.45 നാണ് മരിച്ചത് . സംസ്കാരം ഇന്നു പത്തിന് ശ്രീ ഗുരുദേവ താന്ത്രിക വിദ്യാപീഠം വളപ്പിൽ. ഭാര്യ: ലസിത. മകൻ: ബ്രഹ്മസുർ.
നിലവിൽ സംസ്ഥാനത്തെ 50 ഓളം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതലകൾ വഹിച്ചുവരികയായിരുന്നു. താന്ത്രിക വൈദിക ജോലികളിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു.1987ൽ ശ്രീ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം സ്ഥാപിച്ചു.
ആണ്ടിപ്പിള്ളിക്കാവിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒട്ടേറെ വിദ്യാർഥികൾ വൈദിക താന്ത്രിക വിഷയങ്ങളിൽ പഠനം നടത്തുന്നു. ഈ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളെയും താന്ത്രിക വൈദിക ശാസ്ത്രത്തെക്കുറിച്ച് പഠിപ്പിക്കാൻ അദ്ദേഹം തയാറായി.
Kerala
കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു. സംസ്കാരം പിന്നീട്. വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു.
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കിൽ, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ൽ അധികം ഗാനങ്ങളുടെ രചയിതാവാണ്. 1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു.
പോപ്പുലര്‍ മിഷന് ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
ഇടവക-മിഷന് ശുശ്രൂഷകളില്‍ കോയമ്പത്തൂര്‍ ഹോളി ട്രിനിറ്റി ഫൊറോനയില്‍ അസിസ്റ്റന്റ് വികാരിയായും പാലക്കയം ഇടവകയില്‍ വികാരിയായും സേവനം ചെയ്ത അദ്ദേഹം, ആറ്റിങ്ങല്‍ സെന്റ് ജൂഡ് മിഷന് പള്ളി, നെടുമങ്ങാട് സെന്റ് തോമസ് മിഷന് പള്ളി, കിള്ളി സെന്റ് ജോണ്‍ പോള്‍ രണ്ടാമന് മിഷന് പള്ളി എന്നിവിടങ്ങളില്‍ പ്രീസ്റ്റ്-ഇന്‍-ചാര്‍ജായും പ്രവര്‍ത്തിച്ചു. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രഭാഷകനായും ധ്യാനഗുരുവായും എഴുത്തുകാരനായും പ്രവര്‍ത്തിച്ചു.
സീറോ മലബാര്‍ സഭ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം, വിശുദ്ധ കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്കുവഹിച്ചു. കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന് അവാര്‍ഡ്, ഗുഡ്നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലൈറ്റിന്റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജിസെല്ല (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് ബംഗളൂരു പ്രൊവിന്‍സ് മുംബൈ), പരേതനായ ജോസഫ്, സിസ്റ്റര്‍ ഫ്രാന്‍സിന (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് കേരള പ്രൊവിന്‍സ് കോഴിക്കോട്), സിസ്റ്റര്‍ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, പരേതനായ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ കുഞ്ഞമ്മ (ആന്‍സിലെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം), ആനി സൈഫി.
National
ബംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി. ലങ്കേഷ് ഭര്‍ത്താവും എഴുത്തുകാരി ഗൗരി ലങ്കേഷ് മകളുമാണ്. സിനിമാ സംവിധായികയായ കവിത ലങ്കേഷ്, ഇന്ദ്രജിത് ലങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.
സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണ്ടതിന്റെ പ്രാധാന്യം പറയുന്ന ഇന്ദിരയുടെ ഓർമക്കുറിപ്പുകൾ സാഹിത്യരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
NRI
സലാല: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ അന്തരിച്ചു. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസ സ്ഥലത്ത് ഉച്ചവിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Kerala
സലാല: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസ സ്ഥലത്ത് ഉച്ചവിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
NRI
മ്യുൻസ്റ്റർ: ജർമനിയിലെ പ്രവാസി മലയാളികൾക്കിടയിലും സാംസ്കാരിക സംഘടനാ തലത്തിലും ജീവകാരുണ്യ - സാമൂഹിക, മാധ്യമ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പാലാ ഇടമറ്റം സ്വദേശിയായ ഡോ. മാത്യു മണ്ഡപത്തിൽ (82) മ്യുൻസ്റ്ററിൽ അന്തരിച്ചു.
മ്യുൻസ്റ്റർ രൂപതയുടെ കീഴിൽ സോഷ്യൽ വർക്കറായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഡോ. മാത്യു. ജർമനിയിൽ എത്തിയ ആദ്യകാല മലയാളി കുടിയേറ്റക്കാർക്കും പ്രവാസി കുടുംബങ്ങൾക്കും കുട്ടികൾക്കും നേരിടേണ്ടി വന്ന നിരവധി സാമൂഹിക - നിയമ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
മ്യുൻസ്റ്റർ രൂപതയിലെ ഔദ്യോഗിക പദവികൾക്കൊപ്പം ജർമൻ മലയാളി അസോസിയേഷനുകളുടെയും സഭാ കൂട്ടായ്മകളുടെയും വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. വത്സമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
സംസ്കാരം പിന്നീട്. ഡോ. മാത്യുവിന്റെ വേർപാടിൽ ജർമനിയിലെ വിവിധ മലയാളി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
Kerala
കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവ. ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) അന്തരിച്ചു. സംസ്കാരം പിന്നീട്.
1929 ഡിസംബർ അഞ്ചിന് ജനിച്ച അദ്ദേഹം വയസിൽ പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു, തുടർന്ന് 1957-ൽ പുണ്യശ്ലോകനായ പൗലോസ് മാർ പീലക്സിനോസ് തിരുമേനിയിൽ നിന്നും കശ്ശിശ്ശ പട്ടവും,1993 ൽ പെരുമ്പള്ളിയിൽ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി എപ്പിസ്കോപ്പ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു.
2007ൽ പഴയിടത്തുവയലിൽ മാത്യൂ പി. എലിയാസ് കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രൽ വികാരിയായി ചുമതലയേറ്റു, ഏറെ കാലം പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അന്നമ്മ കുര്യാക്കോസ്, മക്കൾ: ഡോ. ഇ.കെ തോമസ് ( ആഗ്രി ഇക്കണോമിസ് വിഭാഗം മേധാവി-കേരള കാർഷിക സർവകലാശാല (റിട്ടയർ), പ്രഫ. ഡോ. ഇ.കെ. മാത്യു (രജിസ്ട്രാർ, കേരള കാർഷിക സർവകലാശാല (റിട്ടയർ), ഇ.കെ. കുറിയാക്കോസ് (സെന്റ് മേരീസ് കോളജ് മണർകാട്, റിട്ടയർ പ്രിൻസിപ്പൾ), ഇ.കെ. എലിയാമ്മ, ഇ.കെ. അന്നമ്മ.
മരുമക്കൾ: ലൈലമ്മ തോമസ്, റജീന ജോർജ്, (ബിപിസിഎൽ റിട്ടയർ), പരേതനായ സുകു ചുങ്കത്ത്, ഡോ. ഇ.വി. നൈബി ( റിട്ടയർ, ഡയറക്ടർ ഓഫ് അക്കഡമിക് ആൻഡ് പിജി സ്റ്റഡീസ് കേരള സർവകലാശാല)
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
ഇന്ന് പുലർച്ചെയാണ് അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു. ഇന്ന് വൈകിട്ട് മൂന്നിന് പെരുന്നയിലെ വീട്ടിൽ വച്ചായിരിക്കും സംസ്കാരം.
Sports
ന്യൂഡൽഹി: ഷൂട്ടിംഗ് റേഞ്ചുകളിലെ പിഴയ്ക്കാത്ത ഉന്നവുമായി രാജ്യത്തിന് ഒട്ടേറെ മെഡലുകൾ സമ്മാനിച്ച ഇതിഹാസ ഷൂട്ടിംഗ് താരം ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ കഴിഞ്ഞ ഒന്നുമുതൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞമാസം അവസാനം ഐഎസ്എസ്എഫ് ലോകകപ്പിനായി ജര്‍മനിയിലെ മ്യൂണിക്കില്‍ എത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. മടക്കയാത്രയിൽ ഡല്‍ഹി വിമാനത്താവളത്തിൽ എത്തിയയുടൻ ആശുപത്രിയിലേക്കു മാറ്റി. ഹൃദയാഘാതത്തിനു ചികിത്സയും തുടർന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെ കടുത്ത ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
പാരീസ് ഒളിന്പിക്സ് ഇരട്ടമെഡൽ ജേതാവ് മനു ഭാക്കർ ഉൾപ്പെടെയുള്ള താരങ്ങളുടെ പരിശീലകനെന്ന നിലയിലും തിളങ്ങിയ ജസ്പാൽ പന്ത്രണ്ടാംവയസിൽ ദേശീയതലത്തിൽ സ്വർണമെഡൽ നേടിയാണു വരവറിയിച്ചത്. ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്ന കോട്ടയം ഉഴവൂർ സ്വദേശി
അന്തരിച്ച പ്രഫ.സണ്ണി തോമസിന്റെ ശിക്ഷണവും ലഭിച്ചിട്ടുണ്ട്.
ഷൂട്ടിംഗ് റേഞ്ചുകളിലെ അസാമാന്യപ്രകടനത്തിന് ആദരവായി 1994 ൽ അർജുന അവാർഡും 1997 ൽ പദ്മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. പരിശീലനമികവിന് 2020 ൽ ദ്രോണാചാര്യ പുരസ്കാരവും.
Kerala
കോട്ടയം: കേരളത്തിലെ ആദ്യത്തെ ഐഎന്‍എസ് അക്രഡിറ്റഡ് അഡ്വര്‍ട്ടൈസിംഗ് എജന്‍സിയായ കേരള പബ്ലിസിറ്റി ബ്യൂറോയുടെ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക് ടര്‍ തട്ടാനിയത്ത് ടി.ഒ. ഫിലിപ്പ് (86) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12നു കോട്ടയം താഴത്തങ്ങാടി സെന്റ് മേരീസ് ക്നാനായ വലിയ പള്ളിയില്‍. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു എസ്എച്ച് മൗണ്ടിലുള്ള ഭവനത്തില്‍ കൊണ്ടുവരും. ഭാര്യ: രാജമ്മ ഫിലിപ്പ് കുമരകം കൊച്ചുമങ്ങര എഴുപതില്‍ കുടുംബാംഗം.
മക്കള്‍: ജെയ്സണ്‍ ഫിലിപ്പ്, ജെബിസണ്‍ ഫിലിപ്പ്, അഡ്വ. ജൂബി ഫിലിപ്പ്. മരുമക്കള്‍: സീബാ ജെയ്സണ്‍ അറയ്ക്കല്‍ കുറിച്ചി, നീതു ജെബിസണ്‍ വഞ്ചിപ്പറമ്പില്‍ ആലപ്പുഴ, അഡ്വ. ഫെനു സ്കറിയ ഇടവഴിക്കല്‍ കോട്ടയം.
ക്നാനായ യുവജനസമാജം, ഇ.എം. ഫിലിപ്പ് ഫൗണ്ടേഷന് എന്നിവയുടെ ജനറല്‍ സെക്രട്ടറി, ക്നാനായ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി, വൈസ്പ്രസിഡന്റ്, മാര്‍ സേവേറിയോസ് എഡ്യുക്കേഷന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി, ക്നാനായ അസോസിയേഷന് അംഗം, ക്നാനായ ദീപം, ക്ലീമീസ് ഫണ്ട് എന്നി സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, കോട്ടയം വലിയപള്ളി ട്രസ്റ്റി, കോട്ടയം വൈസ്മെന്‍സ് ക്ലബ് പ്രസിഡന്റ്, ലെഫ്റ്റനന്റ് റീജിയണല്‍ ഡയറക് ടര്‍, കോട്ടയം നോര്‍ത്ത് റോട്ടറി ക്ലബ് പ്രസിഡന്റ്, രാമമംഗലം വൈഎംസിഎ പ്രസിഡന്റ്, ടി.വി. റേഡിയോ അഡ്വര്‍ട്ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് ഓഫ് കേരള പ്രസിഡന്റ്, കേരള അഡ്വര്‍ട്ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
National
വിജയവാഡ: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. മല്ലവരപു പ്രകാശ് (77) ദിവംഗതനായി.
ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് വിശാഖപട്ടണത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച നടക്കും.
1949 ജനുവരി 29ന് നിസാമാബാദ് ജില്ലയിലെ ജാദിജമാൽപുരിൽ ജനിച്ച ഡോ. പ്രകാശ് 1979 ഒക്ടോബർ പത്തിന് പൗരോഹിത്യം സ്വീകരിച്ചു. 1998 ജൂലൈ 22ന് ബിഷപ്പായി നിയമിതനായി.
2002 വരെ കടപ്പ രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം തുടർന്ന് 2012 വരെ വിജയവാഡ രൂപത ബിഷപ്പായും സേവനമനുഷ്ഠിച്ചു. 2012 മുതൽ 2024 ൽ വിരമിക്കുന്നതുവരെ വിശാഖപട്ടണം ആർച്ച്ബിഷപ്പായിരുന്നു.
National
മുംബൈ: പ്രമുഖ നിർമാതാവും സെൻസർ ബോർഡ് മുൻ അധ്യക്ഷനുമായ പഹ്ലജ് നിഹലാനി (76) അന്തരിച്ചു. ഏറെനാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
ബോളിവുഡിലെ മുൻനിര നിർമാതാക്കളിൽ ഒരാളായിരുന്ന പഹ്ലജ് നിഹലാനി ആംഖേൻ, അന്ദാസ്, തലാഷ്, രംഗീലരാജ, ജൂലി 2 തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമാതാവാണ്.
1980-കളുടെ തുടക്കത്തിലാണ് അദ്ദേഹം സിനിമ നിർമാണരംഗത്തേക്ക് കടക്കുന്നത്.
Kerala
ചാത്തന്നൂർ: പ്രായം കൂടിയ മുത്തശിമാരിലൊരാളായ ചാത്തന്നൂർ ഇടനാട് പുളിവിളവീട്ടിൽ (ഗൗരിസദനം) ഗൗരിയമ്മ (114) അന്തരിച്ചു. ഭകീർത്തനരചയിതാവും ആദ്യകാല വ്യവസായിരുന്ന പരേതനായ കുഞ്ഞൻപിള്ള ആശാനാണ് ഭർത്താവ്.
അടുത്തകാലംവരെയും -ഓർമ്മശക്തിക്കും ആരോഗ്യ ത്തിനും കുറവൊന്നുമുണ്ടായിരുന്നില്ല. പഴമയുടെ ഈണമുള്ള ഞാറ്റുപാട്ടുകൾ മനോഹരമായി പാടി കേൾവിക്കാരെ കൗതുകത്തിലാഴ്ത്തുന്നത് ഗൗരിയമ്മയുടെ പതിവായിരുന്നു.
110-ാംവയസിൽ ജില്ലയിലെ ഏറ്റവും മുതിർന്ന വ്യക്തിയെന്നനിലയിൽ ജില്ലാപഞ്ചായ ത്ത് ഗൗരിയമ്മയെ ആദരിച്ചിരുന്നു. മക്കൾ: ദാമോദരൻപിള്ള (റിട്ട. അധ്യാപകൻ), ഓമനയമ്മ (റിട്ട. അധ്യാപിക), സരോജിനിയമ്മ, ഉണ്ണിക്കൃഷ്ണൻനായർ, ഉഷാകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതരായ ശ്രീധരൻപിള്ള, ലളിതാഭായ്, വിജയലക്ഷ്മി.
മരുമക്കൾ: സത്യഭാമ, രാധാകൃഷ്ണൻനായർ, ദേവകിയമ്മ, കുട്ട പ്പൻപിള്ള, സരസ്വതിയമ്മ, പരേതരായ ഭാസ്കരൻപിള്ള, കരുണാകരൻനായർ (യുപിഎസ്. കല്ലുവാതുക്കൽ),
National
ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മോഹിനി മണിയുടെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ ചെന്നൈയിൽ വെച്ച് നടക്കുമെന്നാണ് കുടുംബാംഗങ്ങളുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
നടൻ കമൽഹാസൻ, ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, ബിജെപി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അജിത് കുമാറിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
Kerala
കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു.
2009 ൽ ചാലക്കുടിയിൽനിന്ന് ലോക്സഭാംഗമായി. 2014 ൽ തൃശൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ.കെ. ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയായിരുന്നു ധനപാലൻ.
Kerala
കോട്ടയം: തക്കല രൂപത മുൻ വികാരി ജനറാൾ മോൺ. തോമസ് പൗവത്തുപറമ്പിൽ (65) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ജൂൺ രണ്ടിന് ഉച്ചയ്ക്ക് ഒന്നിന് പാമ്പാടി കൂരോപ്പട പൗവത്തുപറമ്പിൽ പി.എസ്.സ്കറിയയുടെ ഭവനത്തിൽ ആരംഭിക്കും.
തുടർന്ന് കൂരോപ്പട ഹോളിക്രോസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിക്കും. 1961 മാർച്ച് 15ന് ജനിച്ച അദ്ദേഹം 1988 ഡിസംബർ 31നാണ് വൈദിക പട്ടം സ്വീകരിച്ചത്. നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയ വികാരി, അൽഫോൻസാ മെട്രീക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ മുൻ കറസ്പോണ്ടന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 10.30 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. 11 മുതൽ 12 വരെ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും നടക്കും. പിന്നീട് മൃതദേഹം കൂരോപ്പടയിലേക്ക് കൊണ്ടുപോകും.
Kerala
കൊച്ചി: സഭാചരിത്ര പണ്ഡിതനും സാഹിത്യകാരനും പ്രഭാഷകനുമായ ആന്റണി പുത്തൂർ (81) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കൊച്ചി ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ.
കേരളത്തിലെ ലത്തീൻ സഭാ ചരിത്രാന്വേഷണത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ "ഹോർത്തൂസ് മലബാറിക്കസും നാട്ടുചികിത്സാരീതികളും' എന്ന ബൃഹദ്ഗ്രന്ഥം ശ്രദ്ധേയമാണ്.
നിരവധി പള്ളികളിൽ നോമ്പുകാല പുത്തൻപാന പാരായണവും വിചിന്തനവും നടത്തിയിട്ടുണ്ട്. അർണോസ് പാതിരിയുടെ കാവ്യങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
കർണാടകയിലെ തളിക്കോട്ട വിദ്യാപ്രചാരക മണ്ഡൽ ഹൈസ്കൂളിലെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമിയുടെ 2014ലെ അവാർഡ്, 2017ലെ ഫെലോഷിപ്പ്, കെസിബിസി ഗുരുപൂജ പുരസ്കാരം, കേരള ലത്തീൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ ചരിത്ര പ്രതിഭ അവാർഡ് എന്നിവ ആന്റണി പുത്തൂരിന് ലഭിച്ചു.
ഭാര്യ: ജയിൻ ആന്റണി. മക്കൾ: സിന്ധു ആന്റണി, ജെസ്ദേ ഫ്രാൻസിസ്, റാണി ആന്റണി. മരുമക്കൾ: ബോബി ചേരംവേലി ദേവസ്യ, മേരി ആശ മൈക്കിൾ, സന്തോഷ് ചാക്കോ.
District News
മഞ്ചേരി: മലപ്പുറം ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ അംഗവുമായിരുന്ന മംഗലം ഗോപിനാഥ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വേട്ടേക്കോട് എൻഎസ്എസ് ശ്മശാനത്തിൽ.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.35ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മലബാറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
എഐസിസി, കെപിസിസി അംഗം, സംസ്ഥാന ടെലികോം ഉപദേശക സമിതി, മിനിമം വേജസ് ബോർഡ്, ഹാൻഡ്ലൂം അഡ്വൈസറി ബോർഡ്, ടിബി അസോസിയേഷൻ ഗവേണിംഗ് ബോഡി, ഗവണ്മെന്റ് മെഡിക്കൽ കോളജ് വികസനസമിതി എന്നിവയിൽ അംഗമായിട്ടുണ്ട്. തുഞ്ചൻ സ്മാരക സമിതി സെക്രട്ടറി, അൽ അമീൻ, മലബാർ ടുഡേ എന്നീ സായാഹ്ന പത്രങ്ങളുടെ മനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ലയണ്‍സ് ക്ലബ്, കോസ്മോ ക്ലബ് ഭാരവാഹിയുമായിരുന്നു.
ഭാര്യ: രുക്മിണി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: സുരേഷ് കുമാർ (ബിസിനസ്), സുനന്ദാദേവി (അധ്യാപിക, പിഎച്ച്എസ് പൊന്നാനി). മരുമകൻ: കൃഷ്ണകുമാർ (ബിസിനസ്).
Sports
ആലുവ: സന്തോഷ് ട്രോഫി താരം നേതാജി റോഡ് കരുവേലി പോൾസൺ (66) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയിൽ.
ഭാര്യ: ഹെലൻ പോൾസൺ (രായപ്പിൽ). മക്കൾ: ബാരിറ്റോ, ബോണിന. മരുമക്കൾ: ഐറിൻ, സിബി അർനോൾഡ്.
ആറു തവണ തമിഴ്നാട് ടീമിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.1984ൽ തമിഴ്നാട് സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു. ഓട്ടമത്സരങ്ങളിർ സ്കൂൾ വിദ്യാഭാസം മുതൽ മികവ് തെളിയിച്ചിട്ടുണ്ട്. പിതാവ് കെ.പി. പൗലോസ് ആലുവ സെന്റ് മേരീസ് ഹൈസ്കൂളിലെ അത്ലറ്റിക് ചാമ്പ്യനായിരുന്നു.
ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടുകളിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. 1970 കളിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സ്കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനുവേണ്ടിയടക്കം കേരളത്തിനകത്തും പുറത്തുമായി നിരവധി ടീമുകളിൽ ഫുട്ബോൾ കളിച്ചിട്ടുണ്ട്.
Kerala
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ റിട്ട.മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലിരിക്കെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം പുറത്തുവിട്ടത്. ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
ജനറൽ സാഹിബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2007-ലാണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു.
Kerala
വൈപ്പിൻ: ആറു വർഷം മുമ്പ് സ്വന്തം ചരമ വാർത്തയും ഫ്ലക്സ് ബോർഡ് മാറ്ററും ചരമ കത്തും ഏഴാം ചരമദിന കത്തും തയാറാക്കി മരണത്തെ കാത്തിരുന്ന നായരമ്പലം കുടുങ്ങാശേരി തെക്കേപ്പറമ്പില്‍ ടി.പി.വിക്ടര്‍ മാസ്റ്റർ (86) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ 9 .30ന് വാടേൽ സെന്റ് ജോർജ് പള്ളിയിൽ നടക്കും. താൻ മരിച്ചു കഴിഞ്ഞാൽ ആറിടങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കണമെന്നും, 600 ചരമ അറിയിപ്പ് കത്തുകൾ അടിക്കണമെന്നും പ്രമുഖരായ ആർക്കൊക്കെ കത്ത് നൽകണമെന്നും ഇതിലെ മാറ്റർ എഴുതി വച്ചതിനൊപ്പം പ്രത്യേക കുറിപ്പായി മാസ്റ്റർ എഴുതിയിരുന്നു.
തൈക്കൂടം സെന്റ് അഗസ്റ്റിന്‍സ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വാടേല്‍ സെന്റ് ജോസഫ് സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹെസ്കൂള്, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂള്‍, കര്‍ത്തേടം എസ്എച്ച്ജിയുപി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നായരമ്പലം സ്പോര്‍ട്സ് ആൻഡ് ഗെയിംസ് ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നായരമ്പലം യൂണിറ്റ് പ്രസിഡന്റ്, നായരമ്പലം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: റിട്ട. അധ്യാപിക കലൂര്‍ കുറിച്ചിപ്പറമ്പില്‍ കൊച്ചുത്രേസ്യ. മക്കള്‍ പോള്‍സൺ (പോള്‍സ് ജ്വല്ലറി, എടവനക്കാട്), ജോജോ വിക്ടര്‍(അധ്യാപകന്, എസ്ഡിപിവൈ കെപിഎംഎച്ച്എസ്, എടവനക്കാട്), മരുമക്കള്‍: ഗ്രീറ്റിലാല് (ഹെഡ്മിസ്ട്രസ്, ഹോളിക്രോസ് എൽപിഎസ് ഗോതുരുത്ത്), മേരി (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എല്‍പിഎസ്, മുട്ടിനകം).
Kerala
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതാംഗവും കളമശേരി യൂണിവേഴ്സിറ്റി സെന്റർ സെന്റ് ജോൺസ് പള്ളി വികാരിയുമായ ഫാ. ജോർജ് നെല്ലിശേരി ( 73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
എളവൂർ സെന്റ് ആന്റണീസ് ഇടവകാംഗമാണ്. സംസ്കാരം പിന്നീട്. ചേർത്തല മുട്ടം പള്ളിയിലും കാഞ്ഞൂർ പള്ളിയിലും സഹവികാരിയായും നാലുകെട്ട്, തുണ്ടത്തുംകടവ്, വരാപ്പുഴ, പുതിയകാവ്, ചക്കരപ്പറമ്പ്, കടവന്ത്ര, കാക്കനാട്, പുത്തൻപള്ളി, പാലാരിവട്ടം, അകപ്പറമ്പ്, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സത്യദീപം അസോസിയേറ്റ് എഡിറ്റർ, പാലാരിവട്ടം പിഒസിയിൽ പിടിഐ സ്റ്റഡീസിന്റെ പ്രീഫെക്ട്, ജീവൻ ടിവി ന്യൂസ് എഡിറ്റർ, മംഗലപ്പുഴ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസർ, അക്ഷരശ്രീ മാധ്യമ ഭവൻ മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലും അജപാലന ശുശ്രൂഷ നടത്തി.
എളവൂർ നെല്ലിശേരി പൗലോസും റോസയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ജോസ്, മേരി, ദേവസി,പൗലോസ്, ആന്റണി തോമസ്, ടോമി, ഷൈനി.
Kerala
തൃശൂർ: എക്സ്പ്രസ് ദിനപത്രത്തിന്റെ ഉടമയും മുഖ്യപത്രാധിപരുമായിരുന്ന കെ. ബാലകൃഷ്ണന് (87) അന്തരിച്ചു. സംസ്കാരം നടത്തി.
ചന്ദ്രയാണ് ഭാര്യ. ബംഗളൂരുവില്‍ ടൈംസ്ഓഫ് ഇന്ത്യ വൈസ്പ്രസിഡന്റായ കൃഷ്ണന്, വിദ്യ എന്നിവര്‍ മക്കളാണ്. മരുമകൻ: കുമാര്‍ (കാലിഫോര്‍ണിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്).
കേരളത്തിലെ മാധ്യമരംഗത്തു ശ്രദ്ധേയമായിരുന്ന എക്സ്പ്രസ് പത്രം 1944ല്‍ ബാലകൃഷ്ണന്റെ അച്ഛൻ കെ. കൃഷ്ണനാണ് സ്ഥാപിച്ചത്.
ബാലാജി എന്ന പേരില്‍ സിനിമാനിരൂപകനായി പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്ന കെ. ബാലകൃഷ്ണന് 1970 നവംബറില്‍ അച്ഛന്റെ മരണശേഷമാണ് മുഖ്യപത്രാധിപരായത്. ധനലക്ഷ്മി ബാങ്ക്, അംബാള്‍ ചിട്ടീസ് എന്നിവയുടെ ഡയറക്ടറായിരുന്നു.
നൃത്തകലാപരിശീലനത്തിനായി കെ. കൃഷ്ണന് സ്ഥാപിച്ച നടനനികേതനത്തിനും നേതൃത്വം നല്‍കിയുന്നു. 1993ല്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി എക്സ്പ്രസ് ഏറ്റെടുത്തശേഷമാണു പത്രാധിപരുടെ ചുമതല ഒഴിഞ്ഞത്.
NRI
ഡാളസ്: പ്രമുഖ മാധ്യമപ്രവർത്തകൻ സി. വി. സാമുവലിന്റെ ചെറുമകളുടെ പിതാവ് ഗ്രേഡി കർട്ടിസ് ലോംഗ് (47) അന്തരിച്ചു.
പരേതനായ കർട്ടിസ് ലോംഗിന്റെയും ലിൻഡ ലോംഗിന്റെയും മകനാണ്. പാരീസ് ആണ് ഭാര്യ. പ്രിയ, ജൂഡ, അശ്രിയ എന്നിവർ മക്കളാണ്. ഗ്രെഗ്, ഗ്രേയ്സൺ എന്നിവർ സഹോദരങ്ങളാണ്.
ഗ്രേഡി ലോംഗിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക - മാധ്യമ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Sports
കോൽക്കത്ത: മോഹൻ ബഗാൻ അത്ലറ്റിക് ക്ലബ്ബിന്റെ മുൻ പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ സ്വപൻ സദാൻ ബോസ് (78) കോൽക്കത്തയിൽ അന്തരിച്ചു.
ടുട്ടു ബോസ് എന്നറിയപ്പെടുന്ന സ്വപൻ സദാൻ ബോസിനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മൃതദേഹം ആരാധകർക്കും കായിക പ്രേമികൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി മോഹൻ ബഗാൻ ക്ലബ് ടെന്റിൽ എത്തിച്ചു. വൈകുന്നേരം സംസ്കാരം നടന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ടുട്ടു ബോസ് മോഹൻ ബഗാന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കോൽക്കത്ത ഫുട്ബോൾ മുൻനിര സ്പോർട്സ് അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ ടുട്ടു ബോസ് 1990-2000 കാലഘട്ടത്തിനിടയിൽ മോഹൻ ബഗാനിലേക്ക് ചിമ ഒകോറി, കൃഷാനു ഡേ, മോണോരഞ്ജൻ ഭട്ടാചാര്യ എന്നിവരെപ്പോലുള്ള താരങ്ങളെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
Kerala
ന്യൂഡൽഹി: അന്തരിച്ച സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ്(38). ബുധനാഴ്ച ലഖ്നൗ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
യുകെയിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിംഗിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരായത്.
Kerala
ചെങ്ങന്നൂർ: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ സജിനി പവിത്രൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കളുടെയും കൊച്ചുമക്കളുടെയും സുഖത്തിനായി എല്ലാ സുഖസൗകര്യങ്ങളുമുള്ള തറവാട് ഉപേക്ഷിച്ച് ശരണാലയത്തിലെത്തിയ അമ്മയുടെയും തറവാടിന്റെയും കഥ പറഞ്ഞ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന പത്മരാജൻ സിനിമയുടെ രചന നിർവഹിച്ചത് സജിനി പവിത്രനായിരുന്നു.
കീഴ്ച്ചേരിമേൽ സന്ധ്യയിൽ പി.സി. സരോജിനി അമ്മ എന്ന സജിനി പവിത്രൻ അധ്യാപികയായും എഴുത്തുകാരിയായും എട്ടു പതിറ്റാണ്ടിലേറെക്കാലം തന്റെ കർമമണ്ഡലത്തിൽ സജീവമായിരുന്നു.
1983ൽ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിന് കഥയെഴുതുമ്പോൾ കേരളത്തിൽ വൃദ്ധസദനങ്ങൾ പരിചിതമായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന കാലത്തെ മുൻകൂട്ടി കണ്ട എഴുത്തുകാരിയായിരുന്നു അവർ. മൂന്ന് സിനിമകൾക്ക് കഥയൊരുക്കിയെങ്കിലും സജിനിയുടെ ലോകം സിനിമയിൽ മാത്രം ഒതുങ്ങിനിന്നില്ല. റേഡിയോ നാടകങ്ങളിലൂടെയായിരുന്നു തുടക്കം.
കഥ, കവിത, നോവൽ എന്നിവയിലെല്ലാം നിറഞ്ഞുനിൽക്കുമ്പോഴാണ് 1982ൽ ആകാശവാണിയിൽ നാടകം അവതിരിപ്പിക്കാൻ ക്ഷണം ലഭിച്ചത്.
ആകാശവാണിയിലും റേഡിയോ നാടകങ്ങളിലും അവർ നിറസാന്നിധ്യമായിരുന്നു. മൃച്ഛഘടികം, ഈഡിപ്പസ്, ഹാംലെറ്റ്, ഒഥ ല്ലോ, മാളവികാഗ്നിമിത്രം, സാഗരകന്യക എന്നീ ക്ലാസിക് നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ബാലസാഹിത്യത്തിലും വിവർത്തനത്തിലും അവർ നേടിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. 1991ൽ ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എൻസിഇആർടിയുടെ ദേശീയ അവാർഡ് നേടി. 1997ൽ പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. നാടകത്തിനുള്ള കെൽട്രോൺ റിക്രിയേഷൻ ക്ലബ് അവാർഡ്, ഗൾഫ് വോയിസ് മാസികയുടെ ഉറൂബ് അവാഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സജിനി പവിത്രനെ തേടിയെത്തിയട്ടുണ്ട്.
1942 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തായിരുന്നു ജനനം. ചങ്ങനാശേരി അസംപ്ഷന്‍ കോളജിൽനിന്ന് ബിഎസ്സിയും മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളജിൽനിന്ന് ബിഎഡും കരസ്ഥമാക്കിയ സോരജിനി 32 വർഷം അധ്യാപികയായിരുന്നു.
ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്. 84-ാം വയസിലും സർഗരചനകൾ തുടർന്നുകൊണ്ടിരുന്നു. ‘ദക്ഷിണായനം’ എന്ന തിരക്കഥ സിനിമയാകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അവർ മടങ്ങുന്നത്.
ആലാ ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പരേതനായ എൻ.കെ. പവിത്രനാണ് ഭർത്താവ്. മക്കൾ: ബൈജു പവിത്രൻ, ഡോ. ലക്ഷ്മി. മരുമക്കൾ: പരേതനായ ഡോ. എ.പി. ശ്രീകുമാർ, എൻ.പി. മിനു.
Kerala
തിരുവനന്തപുരം: മുൻ ഡിജിപി ഡോ.പി.ജെ.അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു.
വിരമിച്ച ശേഷം പോലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുയകയും ചെയ്തിട്ടുണ്ട്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവിധ ജില്ലകളില്‍ പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചു.